മുംബൈ: കൂറുമാറ്റ ഭീഷണികളും ആഭ്യന്തര തർക്കങ്ങളും കടുക്കുന്നതിനിടെ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയാറാണെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ. താൻ ഒരിക്കലും കസേര മോഹിയല്ല. പാർട്ടിയുടെ നന്മയ്ക്കായി ഈ നിമിഷം പദവി ഒഴിയാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്ററി പാർട്ടി യോഗത്തിൽ ഒമ്പത് ലോക്സഭാ എംപിമാരിൽ മൂന്ന് പേർ മാത്രം പങ്കെടുത്തതിന് പിന്നാലെയാണ് ഉദ്ധവ് രാജി സന്നദ്ധത അറിയിച്ചത്. പാർട്ടി പ്രവർത്തകർക്ക് തന്നിൽ വിശ്വാസമില്ലെന്ന് തോന്നുമ്പോൾ പദവി ഒഴിയാൻ തയാറാണ്.
എന്നാൽ തന്നെ പിന്തുണയ്ക്കുന്ന ശിവസൈനികർ കൂടെയുള്ളിടത്തോളം കാലം ഏത് വെല്ലുവിളിയെയും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അർവിന്ദ് സാവന്ത്, രാജഭാഭു വാജെ, അനിൽ ദേശായി എന്നീ മൂന്ന് എംപിമാർ മാത്രമാണ് പാർട്ടിയുടെ സ്ഥാപക ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുത്തത്.
അതേസമയം യോഗത്തിൽ നിന്ന് വിട്ടുനിന്ന ആറ് എംപിമാർക്കെതിരെ പാർട്ടി അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ ഇവർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകി.